അങ്കഗണിതത്തിലെ ട്രപ്പീസ് കളിക്കാരി

           
            'നാനാക്ക് ചന്ദ് ഝേഡി' എന്ന കന്നഡ ബ്രാഹ്മണന്‍ ജനിച്ചതും വളര്‍ന്നതും, പരമ്പരാഗതമായി  പൗരോഹിത്യ ജോലികള്‍ ചെയ്തു വന്നിരുന്ന ഒരു കുടുംബത്തിലായിരുന്നു . എന്നാല്‍ അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും സന്ധി ചെയ്യാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹം ക്ഷേത്രത്തിലെ പൂജാരിയുടെ ജീവിതം ഉപേക്ഷിച്ച് തന്റെ ഭാര്യയായ ദേവകിയെയും കൂട്ടി ജീവിതത്തിന്റെ മുള്‍വഴികളിലേക്ക് ഇറങ്ങി നടന്നു . ബാംഗളൂര്‍ നഗരത്തില്‍ തൊഴില്‍ തേടി അലഞ്ഞ അദ്ദേഹം ചെന്നെത്തിയത് ഒരു സര്‍ക്കസ് കമ്പനിയില്‍ ആയിരുന്നു . സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായും, മനുഷ്യ വെടിയുണ്ടയായും, സിംഹക്കൂട്ടിലെ റിങ്ങ് മാസ്റ്ററായുമൊക്കെ ജോലി ചെയ്ത് അദ്ദേഹം കുടുംബം പുലര്‍ത്തി . ഇതിനിടയില്‍ 1939 നവംമ്പര്‍ 4 ന് അദ്ദേഹത്തിന് ഒരു മകള്‍ പിറന്നു തമ്പുകളില്‍ നിന്ന് തമ്പുകളിലേക്കുള്ള സര്‍ക്കസ് യാത്രകളില്‍ മകള്‍ ശകുന്തളാദേവിയെ സ്കൂളില്‍ ചേര്‍ക്കാനോ, പ്രാഥമിക വിദ്യാഭ്യാസം നല്‍കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല . മകളേയും അദ്ദേഹം സര്‍ക്കസ് വിദ്യകളില്‍  സഹായിയായി കൂടെ കൂട്ടി . ശീട്ടുകെട്ടുകള്‍ ഉപയോഗിച്ചുള്ള മാന്ത്രിക വിദ്യകള്‍ കാട്ടി ശകുന്തള കുഞ്ഞു പ്രായത്തില്‍ത്തന്നെ കാണികളെ അത്ഭുതപ്പെടുത്തി. അത്ഭുതങ്ങള്‍ സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു . ചീട്ടുകെട്ടുകള്‍ ഉപയോഗിച്ച് കാണികളുടെ ഹൃദയം കവരുന്ന തന്റെ ശകുന്തള കാല്‍ക്കുലേറ്ററുകളേയും, കമ്പ്യൂട്ടറുകളേയും വെല്ലുന്ന അസാമാന്യവേഗതയില്‍ സംഖ്യകളെ കീഴടക്കി ഗണിതശാസ്ത്രലോകത്തെ അത്ഭുതമായി വളരുമെന്ന് അപ്പോഴൊന്നും നാനാക് ചന്ദ് ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല.....
              
                       അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പടപൊരുതാന്‍ സുഖകരമായ ജീവിത സൗകര്യങ്ങള്‍ ത്യജിച്ച്, കഠിനമായ ജീവിതത്തിന്റെ ട്രപ്പീസില്‍ ആടിയുലഞ്ഞ ആ പിതാവിന്റെ  മകളാണ് പിന്നീട് സംഖ്യകളെ കീഴ്പ്പെടുത്തുന്ന ട്രപ്പീസ്  വിദ്യകള്‍കൊണ്ട്  ഗണിതലോകത്തെ അത്ഭുതമായി വളര്‍ന്ന 'ശകുന്തളാദേവി....'

വലിയ സംഖ്യകള്‍ തമ്മിലുള്ള ഏതു ക്രിയയും ചെയ്യാനുള്ള അപൂര്‍വസിദ്ധി ഉണ്ടായിരുന്ന ശകുന്തളാദേവി ആറാമത്തെ വയസ്സില്‍ത്തന്നെ മൈസൂര്‍ സര്‍വ്വകലാശാലയില്‍  ഗണിതത്തിലും , ഓര്‍മ്മശക്തിയിലും തന്റെ കഴിവുകള്‍ തെളിയിക്കുന്ന അഭ്യാസ പ്രകടനം നടത്തി . തുടര്‍ന്ന് എട്ടാം വയസ്സില്‍ ചിദംബരത്തെ പ്രശസ്തമായ അണ്ണാമലൈ സര്‍വ്വകലാശാലയിലും ഇതേ രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചു . 'കുട്ടിക്കാലത്ത് താല്‍ക്കാലികമായുണ്ടാവുന്ന ഒരുതരം മാനസികമായ കഴിവുമാത്രമാണ് ' ഇതെന്ന രീതിയില്‍ ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും , പരിഹാസങ്ങളും ഉയര്‍ന്നുവെങ്കിലും ., തന്നിലെ സിദ്ധികള്‍ ജീവിതാവസാനം വരെ തെളിയിച്ചുകൊണ്ട് അവര്‍ അത്തരം വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിച്ചു.
   
                   
                      മകളുടെ കഴിവുകള്‍ വളര്‍ത്തി എടുക്കണം എന്ന ഉദ്ദേശ്യത്തോടെ നാനാക് ചന്ദ് ഒരു ബ്രിട്ടീഷ് സര്‍ക്കസ് കമ്പനിയില്‍ ചേര്‍ന്ന് 1944 ല്‍ മകളേയും കൊണ്ട് ലണ്ടനില്‍ എത്തി . അന്ന് ശകുന്തളാ ദേവിക്ക് പതിനഞ്ച് വയസ്സാണ് പ്രായംപിന്നീട് ആ പ്രതിഭയുടെ വളര്‍ച്ച ഗണിതശാസ്ത്രലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത് . 1977 ല്‍ കമ്പ്യൂട്ടറുമായുള്ള മത്സരത്തില്‍ അമ്പതു സെക്കന്‍ഡിനകം 201 അക്ക സംഖ്യയുടെ 23-ആം മൂലം ( 23rd root of a 201 digit number ' ) ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി . അതേ വര്‍ഷം തന്നെ അമേരിക്കയിലെ ഡള്ളാസില്‍ വെച്ച് 188138517 എന്ന സംഖ്യയുടെ മൂന്നാം മൂലം (Cube root ) കണ്ടെത്താനുള്ള ഒരു മത്സരത്തില്‍ കമ്പ്യൂട്ടറിനേക്കാള്‍ വേഗത്തില്‍ അവര്‍ ഉത്തരം പറഞ്ഞു . കമ്പ്യൂട്ടറിനേയും പിന്നിലാക്കുന്ന മനസ്സിന്റെ വേഗത അവര്‍ക്ക് 'മനുഷ്യ കമ്പ്യൂട്ടര്‍ ' (Human computer) എന്ന പേര് നേടിക്കൊടുത്തു . 1980 ജൂണ്‍ 13 ന് ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്‍ത്ഥികളുമടങ്ങിയ ഒരു സംഘത്തിനു മുന്നില്‍ ശകുന്തളാദേവി തന്റെ കഴിവു വീണ്ടും തെളിയിച്ചു . ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ കമ്പ്യൂട്ടര്‍വകുപ്പ് തിരഞ്ഞെടുത്ത 7686369774870 എന്ന സംഖ്യയെ മറ്റൊരു സംഖ്യയായ 2,465099745779 കൊണ്ട് 28 സെക്കന്‍ഡിനകം ഗുണിച്ച് 18947668177995426462773730 എന്ന ഉത്തരത്തിലേക്ക് അവര്‍ എത്തിയത് ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു . 1995 ലെ ഗിന്നസ് ബുക്ക് ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട് .
   
                “Why do children dread mathematics?”എന്ന്
ഒരിക്കല്‍  ഒരു  പത്രലേഖകന്‍  ചോദിച്ചപ്പോള്‍ “Because of the wrong approach . Because it is looked at as a subject,” എന്നതായിരുന്നു അവരുടെ മറുപടി . ജീവിത സാഹചര്യങ്ങളോട്  ഇണക്കിച്ചേര്‍ത്ത് , ഒരു വിഷയം എന്ന നിലയിലുള്ള ഗ്വരവസ്വഭാവം നല്‍കാതെ, ലളിതമായ വിനോദങ്ങളിലൂടെ കുട്ടികളെ യുക്തിപരമായി ചിന്തിക്കാന്‍ പ്രാപ്തരാക്കിയാല്‍ അവരില്‍ ഗണിതശാസ്ത്രപരമായ കഴിവുകള്‍ സ്വാഭാവികമായി രൂപപ്പെട്ടുകൊള്ളും എന്ന ഒരു നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത് . കുട്ടികളില്‍ ഗണിത താല്‍പ്പര്യം വളര്‍ത്താനും കഴിവുകള്‍ വികസിപ്പിക്കുവാനുമായി 'മൈന്‍ഡ് ഡൈനാമിക്‌സ് ' എന്നൊരു പദ്ധതി തന്നെ അവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. കുരുന്നു പ്രായത്തില്‍ത്തന്നെ ഗണിതശാസ്ത്രപാടവം വളര്‍ത്തിയെടുക്കുന്ന ഈ പദ്ധതി ഇന്ന് ഇന്ത്യയില്‍ മാത്രമല്ല , വിദേശരാജ്യങ്ങളിലും നല്ല പ്രചാരം ലഭിച്ചു കഴിഞ്ഞു .
                         
 ഗണിതം, ജ്യോതിശ്ശാസ്ത്രം ,ജ്യോതിഷം എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട് . ' ബുക്ക് ഓഫ് നമ്പേഴ്‌സ് , ഇന്‍ ദ വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ് , എവേക്കന്‍ ദ ജീനിയസ്സ് ഇന്‍ യുവര്‍ വേള്‍ഡ് , മാത്തബിലിറ്റി :എവേക്കന്‍ ദ മാത്ത് ജീനിയസ്സ് ഇന്‍ യുവര്‍ ചൈല്‍ഡ് , പെര്‍ഫക്ട് മര്‍ഡര്‍ , ആസ്‌ട്രോളജി ഫോര്‍ യു , ഫിഗറിങ്ങ് ദ ജോയ് ഓഫ് നമ്പേഴ്‌സ് , സൂപ്പര്‍ മെമ്മറി: ഇറ്റ് കേന്‍ ബി യുവേഴ്‌സ് ,പസില്‍സ് ടു പസില്‍ യു 'തുടങ്ങിയവ അവയില്‍ ചിലതാണ്അവസാനം എഴുതിയ 'വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ് ' എന്ന പുസ്തകം പുറത്തിറക്കിയത് രണ്ടായിരത്തി ആറിലാണ്.
  

                     1960 ല്‍ ശകുന്തളാ ദേവി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും,
ബംഗാളിയുമായ പരിതോഷ് ബാനര്‍ജിയെ വിവാഹം ചെയ്ത് കല്‍ക്കട്ടയില്‍ താമസമാക്കി . 
പത്തൊമ്പത് വര്‍ഷത്തിനു ശേഷം 1979 ല്‍ ആ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഇരുവരും വേര്‍പിരിഞ്ഞു. അവസാനകാലത്ത് മകള്‍ അനുപമയോടും കുടുംബത്തോടുമൊപ്പം ബാംഗ്ലൂരില്‍ ബസവനഗുഡിയിലാണ് ശകുന്തളാദേവി താമസിച്ചിരുന്നത് . കഴിഞ്ഞ ദിവസം ( 21.04.2013 ഞായര്‍ ) രാവിലെ ആ ജീവിതം അവസാനിക്കുമ്പോള്‍ പ്രതിഭാവിലാസം കൊണ്ട് ഒരു നാടിന്റെ മഹത്വം ലോകത്തെ അറിയിച്ച ഒരു യുഗം അവസാനിക്കുന്നു......

                   ആരവങ്ങളൊന്നുമില്ലാതെ നിശ്ശബ്ദം അനുഗമിച്ച ആരാധകരുടെയും , കുടുംബാംഗങ്ങളുടേയും മുന്നില്‍ വെച്ച് ബാംഗളൂരിലെ ബാനശങ്കരി ശ്മശാനത്തില്‍ ആ ഭൗതികശരീരം അഗ്നിയില്‍ ലയിക്കുമ്പോള്‍ അവേശേഷിക്കുന്നത് സര്‍ക്കസ് തമ്പിലെ ട്രപ്പീസ് കളിക്കാരന്റെ മകള്‍ അങ്കഗണിതം കൊണ്ട് ട്രപ്പീസ് കളിച്ച അത്ഭുത കഥകളാണ്.......